
മരണം അനിവാര്യമായ ഒന്നാണ്,
ഒരാൾ തന്റെ രാജ്യത്തോടും ജനങ്ങളോടുമുള്ള കടമ നിർവഹിച്ചു കഴിഞ്ഞാൽ അയാൾക്ക് സമാധാനത്തോടെ വിശ്രമിക്കാം.
2004 ലെ ഒരു പുലർകാലം, ഞാനും സബീഷും തിരുവനന്തപുരത്തേക്കുള്ള ഇന്റർസിറ്റിയിൽ യാത്ര ചെയ്യുകയാണ്. തിരുവനന്തപുരത്ത് ചെന്ന് പ്രതിപക്ഷ നേതാവ് സഖാവ്.വി.എസ്.അച്യുതാനന്ദനെ കാണണം. ഉദ്ദേശം, പുതിയതായി നിർമ്മിച്ച സോഫ്ട്വെയർ അതിന്റെ സാധ്യതകൾ, അതെങ്ങിനെ കേരളത്തിലെ വിദ്യാഭ്യാസ മേഖലക്കു ഗുണകരമാകും എന്ന കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കണം. ലക്ഷ്യം ഇതാണെങ്കിലും ഇതെങ്ങനെ നടപ്പിലാക്കും എന്നു അറിയില്ലായിരുന്നു. വി.എസ്സ് അന്ന് പൊതു ഇടങ്ങളിലെല്ലാം സ്വതന്ത്ര സോഫ്ട്വെയറുകൾ പ്രചരിപ്പിക്കുന്നതിനെ പറ്റി ഒക്കെ ഒരുപാട് സംസാരിക്കുമായിരുന്നു. അദ്ദേഹത്തെ കാണാൻ നേരത്തേ ഉള്ള അനുമതി ഒന്നുമില്ലായിരുന്നു. ഏതാണ്ട് ആലപ്പുഴ എത്തിയപ്പോഴാണു, സുകുമാരൻ വൈദ്യർ എന്നൊരാളെ ട്രെയിനിൽ വച്ചു പരിചയപ്പെടുന്നത്. സംഭാഷണവേളയിൽ അദ്ദേഹത്തോട് യാത്രാ ഉദ്ദേശ്യം വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ തുടരേയുള്ള ചോദ്യങ്ങൾ എന്നെ അങ്കലാപ്പിലാക്കി.
സഖാവ് ഇന്നു തലസ്ഥാനത്തുണ്ടാവും എന്നു നിങ്ങൾക്കറിയാമോ
ഉണ്ടായാൽ തന്നെ കാണാനുള്ള അനുമതി ഉണ്ടോ
കന്റോൺമെന്റ് ഹൗസിൽ കയറാനുള്ള അനുമതി ഉണ്ടോ
ഇല്ല എന്നായിരുന്നു ഞങ്ങളുടെ ഉത്തരം. അദ്ദേഹം ഉടനെ ഒരു നമ്പർ തന്നിട്ടു പറഞ്ഞു. നമ്പറിലുള്ള ആളെ വിളിക്കണം. വിവരം പറയണം, ആലപ്പുഴയിൽ നിന്നും സുധാകരൻ പറഞ്ഞിട്ടു വിളിക്കുന്നതാണെന്നു പറയണം. പ്രത്യാശയുടെ ഒരു ചെറിയ വെളിച്ചം കിട്ടി. തിരുവനന്തപുരത്തെത്തി, പ്രാതൽ കഴിച്ചു. നമ്പറിൽ വിളിച്ചു, ഷാജഹാൻ എന്നൊരാളാണു ഫോൺ എടുത്തത്. വിവരം പറഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു. പരമാവധി അരമണിക്കൂറിനുള്ളിൽ എത്തണം. സഖാവിനു പുറത്തു വേറെ എന്തൊക്കെയോ പരിപാടികൾ ഉള്ളതാണു. ഞങ്ങൾ ആകെ വെപ്രാളപ്പെട്ട് ഓട്ടോയിൽ കയറി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ എത്തി. റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയപ്പോൾ, അവിടെ വിശ്രമിക്കാൻ പറഞ്ഞു. ഏതാനും മിനുട്ടുകൾക്കകം, ഒരാൾ മുറിയിൽ നിന്നും വന്നു മറ്റൊരു മുറിയിലേക്കു ക്ഷണിച്ചു. ഞങ്ങളെ വിളിച്ചത് സുരേഷ് ആയിരുന്നു എന്നാണു എന്റെ ഓർമ്മ.
ഞങ്ങൾ മുറിയിലേക്കു കയറി, സാക്ഷാൽ വി.എസ് അതാ കസേരയിൽ. കൈയ്യിലാത്ത ബനിയനും, കൈലിമുണ്ടും. കൈയ്യിൽ ദേശാഭിമാനി. പത്രത്തിൽ നിന്നും മുഖമുയർത്താതെ ആ നീട്ടിയുള്ള രീതിയിലെ സംസാരം , ഇരിക്കൂ
.
അഭിവാദ്യത്തിനു ശേഷം പത്രം മടക്കിവെച്ച്, ഞങ്ങളോടായി ആരാ, എന്താ കാര്യം?
പാതി കസേരയിലുറച്ച്, ഞങ്ങളെ പരിചയപ്പെടുത്തിയശേഷം വന്ന കാര്യം പറയാൻ തുടങ്ങി. നേരത്തെ റിഹേഴ്സൽ ചെയ്ത ഒന്നും ഓർമ്മയിലേക്കു വരുന്നില്ല. തയ്യാറാക്കി കൊണ്ടുവന്നിരുന്ന ഫയൽ അദ്ദേഹത്തിനു കൊടുത്തു.
അതിനിടക്ക്, പൊളിറ്റിക്കൽ സെക്രട്ടറി വന്നു സഖാവിനോടായി വയനാട്ടിൽ ഏതോ കന്യാസ്ത്രീ ആക്രമിക്കപ്പെട്ടു എന്നു പറയുന്നു
ഞങ്ങൾ കൊടുത്ത ഫയൽ ഓടിച്ചു നോക്കുന്നതിനടയിൽ ഷാജഹാനോടായി, ഐ.ജിയെ വിളിച്ച് സത്യാവസ്ഥ ചോദിക്കൂ
അൽപ്പസമയത്തിനുശേഷം, ഞങ്ങളുടെ നേരേ നോക്കിക്കൊണ്ട്, ജോസഫ് ഇവിടെ ഇല്ല. അല്ലെങ്കിൽ നിങ്ങൾക്കു കുറച്ചു കൂടി സംസാരിക്കാമായിരുന്നു. എന്തായാലും ഞാൻ വിശദമായി പഠിക്കട്ടേ
അദ്ദേഹം ഉദ്ദേശിച്ചത് ജോസഫ്.സി.മാത്യുവിനെ ആയിരുന്നിരിക്കണം.
പിന്നീട് ഞങ്ങളോടായി, ഭക്ഷണം കഴിച്ചതാണോ
, അതേ
എന്നു മറുപടി പറഞ്ഞു. എന്നാൽ ശരി
എന്നു പറഞ്ഞു സ്വതസിദ്ധമായ രീതിയിൽ കൈകൂപ്പി, കൂടികാഴ്ച അവസാനിച്ചു എന്നു മനസ്സിലായി. ഞങ്ങൾ എഴുന്നേറ്റു. ഞാൻ തിരികേ നോക്കി. അദ്ദേഹം മടക്കിവെച്ച ദേശാഭിമാനിയിലേക്കു മടങ്ങി.
പിന്നീട് സഖാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ല. ഇന്ന് ടെലിവിഷനിൽ ജനസമുദ്രം, സഖാവ് വി.എസ് അന്തരിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, അവഗണിക്കപ്പെട്ടവരുടെ, മാറ്റിനിർത്തപ്പെട്ടവരുടെ നേതാവായിരുന്ന സഖാവ് വി.എസ് വിടവാങ്ങുകയാണ്. അനിലേട്ടൻ എഴുതി, കുട്ടപ്പൻ ഈണമിട്ടു പാടിയ ഈ ഗാനം വി.എസ്സിനു വേണ്ടി ആയിരുന്നിരിക്കണം.
നല്ലൊരു നാളെയെ ഞങ്ങൾക്കായി തന്നുപോയവരേ
ഈ നാടിനുവേണ്ടിയെല്ലാം മറന്ന ധീരനായകരേ
ചോരകൊണ്ടിതിഹാസം രചിച്ച ധീര സഖാക്കളേ
മറക്കുകില്ലൊരുനാളും ഞങ്ങൾ രക്തസാക്ഷികളേ
ലാൽ സലാം