
ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.
മനുഷ്യന്റെയുള്ളിലെ അസ്ത്വിത്വവിഷാദവും പാപബോധവുമാണ് ഈ നോവലിന്റെ അന്തർധാരയെന്ന് പൊതുവിൽ പറയാവുന്നതാണ്. വ്യക്തിത്വത്തിനും സ്വതന്ത്ര ഇച്ഛയ്ക്കും പ്രാധാന്യം കല്പിക്കയും യുക്തിയെക്കാൾ ഇച്ഛയ്ക്കു മുൻതൂക്കം നല്കുകയും ഇച്ഛാനുസരണം വിധിയെ നിയന്ത്രിക്കാൻ കഴിയും എന്നു വിശ്വസിക്കയും ചെയ്തു നായകൻ അവസാനം നിയന്ത്രണമറ്റ പട്ടം പോലെ ജീവിതത്തിൽ നിന്നും വിടവാങ്ങുകയും ചെയ്യുന്നു. പാപത്തിൽ നിന്ന് പാപത്തിലേയ്ക്കുള്ള പ്രയാണത്തിലൂടെ ജീവിതത്തിന്റെ അർത്ഥങ്ങളന്വേഷിക്കുന്ന ഒരു പര്യവേഷകനാണ് ഖസാക്കിലെ രവി. രവിയുടെ പാപബോധത്തിലൂടേയാണ് മലയാളികൾ ആദ്യം ഖസാക്ക് വായിച്ചത്.
ഖസാക്കിന്റെ ഇതിഹാസം ഒരു പുനർവായന നടത്തുമ്പോൾ, ഖസാക്കിലെ ഭാഷ, ചരിത്രബന്ധങ്ങൾ, ആധുനികത , ജീവിത യാഥാർത്ഥ്യങ്ങൾ എന്നിവ കൂടി സാവകാശം വെളിപ്പെട്ടുകൊണ്ടിരുന്നു. ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിൽ ഒരു പക്ഷേ അങ്ങിനെ ശ്രദ്ധിക്കപ്പെടാതെ പോയ ചില സംഭവങ്ങളാണ് ഈ ചെറിയ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. വായനക്കാർ ചിലപ്പോൾ അതിവൈകാരികതയിലൂടെ വായിച്ചുപോയതായിരിക്കും, ചിലപ്പോൾ ഒരു സാധാരണ പോലെ അവസാനിപ്പിച്ചു പോയതുമായിരിക്കും. എന്റെ ചില തോന്നലുകൾ മാത്രമാണ് ഇത്.
ഖസാക്കിലെ ആധുനികത
ഖസാക്കിലേക്ക് ആധുനികത എത്തിക്കാൻ നിയോഗിക്കപ്പെടുന്ന ആളാണ് രവി. ജില്ലാ ബോർഡിന്റെ പദ്ധതിയായ ഏകാധ്യാപകവിദ്യാലയം നടത്താൻ ആധുനികത തൊട്ടു തീണ്ടിയിട്ടിലാത്ത ആ ഗ്രാമത്തിലേക്ക് രവി എത്തുകയാണ്. അവിടെ ഒറ്റ നോട്ടത്തിൽ ആധുനികരായി വളരെ കുറച്ചു പേർ മാത്രമേയുള്ളു. വിദ്യാലയം തുടങ്ങാൻ ശ്രമം നടത്തുന്ന ശിവരാമൻ നായർ. മാധവൻ നായർ. പിന്നെ ആധുനികനാകാൻ ശ്രമിച്ച് ഖസാക്കിലെ കുഴമറിച്ചിലിൽ തന്നേ എത്തിപ്പെടുന്ന നൈജാമലി. നൈജാമലി, കമ്മ്യൂണിസ്റ്റാകുന്നു, തൊഴിലാളി വിപ്ലവത്തിൽ ഏർപ്പെടുന്നു അവസാനം ഖസാക്കിലെ ഷെയ്ക് തങ്ങളുടെ ഖാലിയാരാകുന്നു. നൈജാമലി ആധുനികതയിൽ നിന്നും വേർപ്പെടുകയാണ്.
ഖസാക്കിൽ മറ്റൊരാളും ആധുനികൻ ആവേണ്ടതില്ല. എന്നാൽ ഏകാധ്യാപകവിദ്യാലയത്തെ അടിമുടി എതിർക്കുന്ന ഓത്തുപള്ളിക്കൂടത്തിലെ മതാധ്യാപകനായ അള്ളാപ്പിച്ചാ മൊല്ലാക്ക എങ്ങിനെ താനറിയാതെ ആധുനികനാകുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്.
രണ്ടാമത്തെ അദ്ധ്യായത്തിൽ ഓത്തുപള്ളിയിലെ കുട്ടികൾക്ക് അള്ളാപ്പിച്ചാ മൊല്ലാക്ക ഒരു കഥ പറഞ്ഞുകൊടുക്കുകയാണ്. കാലങ്ങളായി അവിടെയെത്തുന്ന എല്ലാ തലമുറകൾക്കും അയാൾ ആ കഥ പറഞ്ഞുകൊടുക്കുന്നുണ്ട്. ഷെയ്ക്ക് മിയാൻ തങ്ങൾ ഖസാക്കിലെ തമ്പുരാനായ കഥ.
വളരെ പണ്ട്, ഒരു പൗർണ്ണമി രാത്രിയിൽ ആയിരത്തൊന്നു കുതിരകളുടെ ഒരു പട ഖസാക്കിലേക്കു വന്നു. റബ്ബുൽ അലമീനായ തമ്പുരാന്റേയും, മുത്തുനബിയുടേയും ബദരീങ്ങളുടേയും ഉടയവനായ സയ്യിദ് മിയാൻ ഷെയ്കും തങ്ങന്മാരുമായിരുന്നു അത്. ആയിരം കുതിരകളും കേടറ്റ വെള്ളക്കുതിരകളായിരുന്നു. എന്നാൽ ഷെയ്ഖ് തങ്ങളാവട്ടേ ചടച്ചു കിഴവനായ ഒരു പാണ്ടൻ കുതിരപ്പുറത്തായിരുന്നു സവാരി ചെയ്തത്.
അതെത്ക്കു മൊല്ലാക്ക
, കഥ കേട്ട എല്ലാ തലമുറയും ചോദിച്ചിട്ടുണ്ട്. അന്ത കുതിരക്ക് ആര് തൊണ
.
മൊല്ലാക്ക പറഞ്ഞു, അത്ക്ക് തൊണ ഷെയ്ഖ് തങ്ങൾ
.
അതാണ് ഷെയ്ഖ് തമ്പുരാൻ ആ കുതിരയെ തിരഞ്ഞു പിടിച്ചത്. ആ കുതിരക്ക് കാലുകഴക്കുമ്പോൾ പട നിൽക്കണമെന്ന് ഷെയ്ഖ് തമ്പുരാൻ കൽപ്പിച്ചു. രാത്രിയുടെ അവസാന യാമത്തിൽ മരിച്ച ആ കുതിരയെ അടക്കിയ ഖസാക്കിലെ പനങ്കാട്ടിൽ തങ്ങന്മാർ കുടി വെച്ചു.
സാധാരണ കഥ ആണെങ്കിൽ പോലും, ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മൂല്യങ്ങൾ മൊല്ലാക്ക കുട്ടികൾക്കു പറഞ്ഞുകൊടുക്കുകയാണ്. എന്താണ് ജനാധിപത്യം എന്ന കുട്ടിയോട് മഹാത്മാഗാന്ധി പറഞ്ഞ ഉത്തരം, നിങ്ങൾ ഒരു ഓട്ട മത്സരത്തിൽ പങ്കെടുക്കുകയാണെന്നു കരുതുക, നിങ്ങൾ വിജയിയായ ശേഷം, നിങ്ങളുടെ കൂടേ ഓടിയവരേ കൂടി ഓർക്കുന്നതാണു ജനാധിപത്യം. ഒറ്റക്കോടിയാൽ ആരും ജയിക്കുന്നില്ല.
ആയിരം കേടറ്റ കുതിരകൾ പടനയിക്കുമ്പോഴും, കൂടേയുള്ള ചടച്ച പാണ്ടൻ കുതിര ക്ഷീണിക്കുമ്പോൾ പട നിർത്താൻ കൽപ്പിക്കുന്ന ആ ജനാധിപത്യ മൂല്യം. കൂടേയുള്ള, തനിക്കൊത്തവനല്ലെങ്കിൽ പോലും അവനേകൂടി പരിഗണിക്കുന്ന ആ കരുതൽ അള്ളാപ്പിച്ച മൊല്ലാക്ക കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയാണ്. ആധുനികതയുടെ മുഖമുദ്രയാണ് ജനാധിപത്യം.