Alt text

ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.

ഖസാക്കിലെ ഭാഷ

ഖസാക്കിൽ മൂന്നു തരം ഭാഷ ഉണ്ടെന്നാണു നിരൂപകർ കരുതുന്നത്. ഒന്ന് തൃതീയ പുരുഷ കഥനം (third person narrative), ഖസാക്കിലെ തദ്ദേശീയ ഭാഷ , കഥാകൃത്ത് തന്നെ സൃഷ്ടിച്ചെടുത്ത ഭാവസാന്ദ്രമായ മറ്റൊരു ഭാഷ. ഇതു മൂന്നും തമ്മിൽ എങ്ങിനെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിയിൽ നിലകൊള്ളുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ഈ മൂന്നും ഒറ്റക്ക് നിലനിൽക്കുന്നുണ്ടോ, അതല്ല കൂടിക്കലർന്ന് നിലകൊള്ളുകയാണോ എന്നു നോക്കാം.

തൃതീയ പുരുഷ കഥനം

കൂമൻകാവിൽ ബസ്സ് ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം

ഇത്ര മനോഹരമായി ആരംഭിക്കുന്ന ഒരു നോവൽ മലയാളത്തിൽ വേറെ കാണുമെന്നു തോന്നുന്നില്ല. ആദ്യമായി എത്തിച്ചേരുന്ന സ്ഥലം, എന്നിട്ടും അവിടെ ഒരിക്കൽ വന്നു ചേരും എന്നുള്ള മിഥ്യാബോധം നായകനുണ്ടാകുന്നു. ഇത് കഥാകൃത്ത് അതിമനോഹരമായി പറഞ്ഞിരിക്കുന്നു. തൃതീയ പുരുഷ കഥനത്തിൽ കഥാകൃത്ത് കഥയിൽ പ്രത്യക്ഷപ്പെടുന്നേയില്ല. പക്ഷേ നമ്മൾ എപ്പോഴും അയാളുടെ വിവരണത്തിലൂടെ നായകനെ പിന്തുടരുന്നു. ഈ രീതി ധാരാളമായി നോവലിൽ ഉപയോഗിച്ചിരിക്കുന്നു. സാധാരണ കണ്ടു വരുന്ന കഥാ കഥന രീതിയാണ് ഇത്.

തദ്ദേശീയ ഭാഷ

ഈ തദ്ദേശീയ ഭാഷ ഖസാക്കിന്റെ മാത്രമാണോ എന്നു ചോദിച്ചാൽ ഉത്തരം പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഖസാക്കിന്റെ ഇതിഹാസത്തിൽ നാഗരികതയുടെ അവസാനമായ കൂമൻകാവിൽ ഈ ഭാഷ ഉപയോഗിക്കുന്നുണ്ട്. ഖസാക്കിലേക്കു പോകാൻ രവി ബസ്സിറങ്ങുന്നത് അവിടേയാണ്. ഈ ഭാഷയിൽ പലതും പാലക്കാടണ ഈഴവരും റാവുത്തന്മാരും ഉപയോഗിക്കുന്നതാണെന്ന് നോവലിലെ കുറിപ്പുകളിൽ പറയുന്നുണ്ട്. ഉദാഹരണത്തിനു യും യും പരസ്പരം മാറ്റിപറയുന്നത് പാലക്കാട് ഈഴവർ ഉപയോഗിക്കുന്ന രീതിയാണെന്ന് കഥാകൃത്ത് പറയുന്നു.

ഇങ്ങ്ട വര്മ്പൊക്കെ ഇബടെ കയരിട്ടേ പുഗ്ഗാമ്പഷ്ത്ള്ളു. ഇതു കൂമൻകാവിലെ സർവത്ത് പീടികക്കാരൻ രവിയോട് പറയുന്നതാണ്. ഇതേ ഭാഷ ഖസാക്കിനുള്ളിലും നമുക്കു കാണാം. ഉദാഹരണത്തിന്, അള്ളാപ്പിച്ച മൊല്ലാക്ക കുഞ്ഞാമിനയെക്കൊണ്ട് സത്യം ചെയ്യിക്കുന്ന ഭാഗം.

ഷെയ്ഖ് തങ്ങളാണേ, ബദരീങ്ങളാണേ, മുത്തുനബിയാണേ അന്ത കാഫരോടെ ഷ്കോളി പുഗ്ഗമാട്ടേ ഇതിൽ നിന്നും ഈ തദ്ദേശീയ ഭാഷ അവിടെ നിലനിന്നിരുന്നതായി ഏകദേഹം പരിഗണിക്കാവുന്നതാണ്.

ഭാവസാന്ദ്ര ഭാഷ

പുതുമഴയുടെ സുരതാവേഗമൊടുങ്ങി. ആരോഹണമില്ലാതെ അവരോഹണമില്ലാതെ കാലവർഷം ഖസാക്കിനു മുകളിൽ സമാധികൊണ്ടു

ഖസാക്കിൽ ഏറ്റവും മനോഹരമായ ഭാഷ എന്നെനിക്കു തോന്നിയത്, കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന ഈ ഭാവസാന്ദ്രമായ മാന്ത്രിക ഭാഷയാണ്. ആദ്യം പറഞ്ഞപോലെ ഇതു തനിയേ നിലനിൽക്കുന്നില്ല. ഉദാഹരണത്തിന്, മുങ്ങാങ്കോഴിയുടെ മരണം കഥാകൃത്ത് വിവരിച്ചിരിക്കുന്നത് എങ്ങിനെയെന്നു നോക്കാം. മകൾ പോയ വിഷമത്തിൽ ആകെ നിരാശനായ മുങ്ങാങ്കോഴി, ഉപേക്ഷിക്കപ്പെട്ട ഒരു നാലുകെട്ടിന്റെ ഉള്ളിലെ കിണറിന്റെ ആൾമറയിലിരുന്നു പാടുകയാണ്.

തലമൂത്ത മീനേ,
എന്റെ ചേറമ്മീനേ
എന്റെ കുട്ടിമകള്ക്കൊര്
മണി കൊണ്ട് വായോ

ഉമ്മയില്ലാതെ കിടന്നു നിലവിളിച്ച കൊച്ചുമകളെ ഉറക്കാനായി താൻ പണ്ട് പാടിയ പാട്ട് അയാൾ പാടുകയാണ്. ശേഷം, ചുക്രുറാവുത്തർ എന്ന മുങ്ങാങ്കോഴി കിണറ്റിലേക്കു ചാടുകയാണ്. കഥാകൃത്ത് അതിമനോഹരമായി അതു ചിത്രീകരിച്ചിരിക്കുന്നു.

അയാൾ കിണറ്റിലേക്ക് കൂപ്പുകുത്തി. കിണറും കടന്ന് ഉൾകിണറ്റിലേക്ക്. വെള്ളത്തിന്റെ വില്ലീസു പടുതുകളിലൂടെ അയാൾ നീങ്ങി. ചില്ലുവാതിലുകൾ കടന്ന്, സ്വപ്നത്തിലൂടെ, സാന്ധ്യപ്രജ്ഞയിലൂടെ തന്നെ കൈ നീട്ടി വിളിച്ച പൊരുളിന്റെ നേർക്ക്
അയാൾ യാത്രയായി. അയാൾക്ക് പിന്നിൽ ചില്ലു വാതിലുകൾ ഒന്നൊന്നായ് അടഞ്ഞു.

ഒരു ആത്മഹത്യ വിവരിച്ചിരിക്കുന്ന രീതിയാണു നമ്മൾ മുകളിൽ കണ്ടത്. മകൾ തന്നെ വിട്ടുപോയതിലുള്ള വിഷമം കൊണ്ട് മകളെ അത്രമേൽ സ്നേഹിച്ചിരിക്കുന്ന ഒരു പിതാവ് മനോവിഷമത്തിൽ ജീവിതം ഹോമിക്കുന്ന രംഗം. ഇത്രമേൽ കാവ്യാത്മകമായി ഒരു മരണം മലയാള നോവൽ സാഹിത്യത്തിൽ വന്നിട്ടുണ്ടോ എന്നു തന്നേ സംശയമാണ്. വെള്ളത്തിന്റെ വില്ലീസു പടുതുകളിലൂടെ അയാൾ നീങ്ങി

ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ രണ്ടു തരം ഭാഷകൾ തമ്മിൽ ഇടകലരുന്ന ഒരു സന്ദർഭം ആണ് നമ്മൾ ഇവിടെ കാണുന്നത്. മുങ്ങാങ്കോഴി പാടുന്ന പാട്ട് തികച്ചും തദ്ദേശീയമാണെങ്കിൽ, അതിനു ശേഷം മുങ്ങാങ്കോഴിയുടെ മരണം വിവരിക്കുന്ന ഭാഷ അതു നേരത്തേ പറഞ്ഞ കഥാകൃത്തിന്റെ തന്റെ സ്വന്തം സൃഷ്ടിയായ ആ ഭാവസാന്ദ്രമായ ഭാഷ ആണ്.

മറ്റൊരുദാഹരണം രവിയുടെ അധ്യാപനരീതിയാണ്. രവി കുട്ടികൾക്ക് പരിണാമം പഠിപ്പിക്കന്നത്.

പണ്ട് പണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ് രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി.
അവർ അസ്തമയത്തിലാറാടി നിന്ന ഒരു താഴ്വരയിലെത്തി.
നമുക്കിതിന്റെ അപ്പുറം കാണണ്ടേ, ചെറിയ ബിന്ദു ചോദിച്ചു
പച്ച പുതച്ച താഴ്വര, ഞാനിവിടെ തന്നെ നിൽക്കട്ടേ വലിയ ബിന്ദു പറഞ്ഞു.
ചെറിയ ബിന്ദു പറഞ്ഞു, എനിക്കു പോകണം.
നീ എന്നെ മറക്കുമോ, വലിയ ബിന്ദു ചോദിച്ചു
മറക്കില്ല, അനുജത്തി പറഞ്ഞു.
മറക്കും, ഇതു കർമ്മബന്ധങ്ങളുടെ കഥയാണ്, ഇവിടെ അകൽച്ചയും ദുഖവും മാത്രമേയുള്ളു
അനുജത്തി നടന്നകന്നു.

അസ്തമയത്തിൽ ചെതലിയുടെ താഴ്വരയിൽ കണ്ണിൽ സുറുമയും , കാലിൽ തണ്ടയുമണിഞ്ഞ ഒരു പെൺകുട്ടി വന്നു.
പൂത്തു നിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ച് പൂനുള്ളിയപ്പോൾ ചെമ്പകം ചോദിച്ചു
അനുജത്തി നീയെന്നെ മറന്നുവല്ലേ